Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 05


അത്തച്ചമയം (ലേഖനം)
രചന: സജി വട്ടംപറമ്പിൽ
ഈമെയിൽ ഐഡി: sajivattamparambil@yahoo.com

അച്ഛമ്മ പറഞ്ഞു പൂക്കളമിടാൻ പാടില്ലെന്ന്.
കണ്ണു കാണാത്ത അമ്മായിയും പറഞ്ഞു, “മ്പ് ക്ക് വാലായ്‌മേണ്ട്. അതോണ്ട് കളം ടാനും തൃക്കാക്കരപ്പനെ വെയ്ക്കാനും പാടില്ല.”
കരുവാത്തി വന്നു. പിശ്ശാങ്കത്തീ, കുറ്റിക്കോൽ, പുല്ലരിവാൾ, വെട്ടുകത്തി തുടങ്ങിയ കൈയായുധങ്ങൾ കൊണ്ടുവന്നു. മടിക്കുത്തിലും ഇറയാലിയ്ക്കൽ ഓലപ്പൊളിയിലും മൺചുവരിന്റെ മുകളിലും മറ്റും ആരും കാണാതെ ഒളിപ്പിച്ചു വെയ്ക്കുന്ന സ്ഥലങ്ങളിലൊക്കെ നാലണ കിട്ടാനുണ്ടോന്നു കൈയെത്തിച്ചു പരതി നോക്കി. ചില്ലിക്കാശ് തടഞ്ഞില്ല!
ഒന്നും കിട്ടില്ലെന്നായപ്പോൾ അച്ഛമ്മ തന്നെ വന്നു പറഞ്ഞു, “ഇവ്ടെ വാലായ്‌മ ള്ളതോണ്ടേയ് ഞങ്ങക്കിക്കൊല്ലം ഓണോം വിഷൂം ല്യ. കരുവാത്തി പൊക്കോളൂ. ഞാൻ അവ്ടെ വന്ന് വാങ്ങിക്കോണ്ട്.”
ആശാരിച്ചി വന്നു. ചിരട്ടക്കയിലും കുഞ്ഞിക്കയിലും ചിരവമുട്ടിയും മുട്ടിപ്പലകയും മുക്കാലിപ്പീഠവും...അങ്ങനെയൊരു വക ഉമ്മറത്തിറക്കി.
മടിക്കുത്ത് അറിഞ്ഞുകൊണ്ട് അച്ഛമ്മ തന്നെ പറഞ്ഞു, “ഇവ്ടെ അവ്‌രൊന്നൂല്ല. ഞങ്ങള് പിന്നെ വന്ന് വാങ്ങിക്കോണ്ട്.”
“ആളില്ലെങ്ങെ സാരംല്യ. നങ്ങക്ക് എന്താ വേണ്ടതെങ്കെ എടുത്തോളെ.”
“അതല്ല ആശാരിച്ച്യേ. ഞെങ്ങക്ക് പെലേള്ളതാണേയ്. അതോണ്ടാ പറയണത്. പിന്നെ വാങ്ങിച്ചോണ്ട്.”
കിഴക്കു നിന്നു വരുന്ന കുശവത്തിപ്പെണ്ണിനെ പടിയിറങ്ങാൻ സമ്മതിച്ചില്ല: “ഇവ്ടെ ചട്ടീം കലൊക്കെ ണ്ട് ചെട്ടിച്ചിര്യമ്മേ. ഇപ്പൊ വേണ്ട."
വട്ടിത്തൊട്ടി, ചോറ്റുകൊട്ട, അരിപ്പക്കയിൽ, ചാണകക്കൊട്ട തുടങ്ങിയ, മുള ഈർന്നുണ്ടാക്കിയ കരകൗശലങ്ങളുമായി പാണൻ പാച്ചു വന്നപ്പോഴും ഇതേ പല്ലവി തന്നെ പാടി തിരിച്ചയച്ചു.
കള്ളക്കർക്കടകം ഉറഞ്ഞു പെയ്യുമ്പോളെന്നെ തുയിലുണർത്താനായി വന്നു, പാട്ടിപ്പെണ്ണ്. ഒന്നു മുതൽ അവളെന്റെ ക്ലാസ്സിലുണ്ട്. എണ്ണക്കറുപ്പിന്റെ ചേലുള്ള പെണ്ണിന്റെ കണ്ണിനും കാണാനേറെ ചന്തമുണ്ട്! അവിടെ ഞങ്ങൾ നേരിട്ടു നോക്കില്ല. കണ്ണകലെയവൾ വാലിട്ടു നോക്കി. നാലാം ക്ലാസ്സു കഴിഞ്ഞു തുറന്നപ്പോൾ അവളെ മാത്രം കണ്ടില്ല.
പിന്നെപ്പിന്നെ, കർക്കടകരാത്രികളിലൊന്നിൽ ഒരു പെരുമഴയായവൾ വന്നു. കോരിച്ചൊരിയുന്ന ഇറയാലിയ്ക്കരികിൽ അവളുടെ അമ്മയുടെ നിഴലായവൾ നിന്നു. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലവളുടെ കണ്ണുകൾ സൗഹൃദം പുതുക്കി.
ചവിട്ടുപടിയിലിരുന്ന് അച്ഛമ്മ മുറുക്കാൻ കൊടുത്ത് നാട്ടുവിശേഷങ്ങൾ ആരായുമ്പോഴും ആരുമറിയാതെയാ കണ്ണഴകി മൗനമായി മൊഴിയുന്നുണ്ടായിരുന്നു. അരപ്പാവാടയിൽ നിന്നു ഫുൾപാവാടയിലെത്തിയപ്പോഴും അവളുടെ അഴകിനു ചന്തം കൂടിയതായിത്തോന്നി. ഓരോ തവണ കാണുമ്പോഴും അതങ്ങനെ തന്നെ തോന്നിയിരുന്നു...!
“അമ്മേ, അവരുടെ വീടെവ്ട്യാ?” അമ്മയോടുള്ള ചോദ്യം കേട്ട്, അതീവഹൃദ്യമായൊരു പുഞ്ചിരി ഞാൻ അവളിൽ കണ്ടു.
“ആവോ. അച്ഛമ്മോട് പോയിച്ചോയ്ക്ക്.” അമ്മയ്ക്കും അറിയില്ലായിരുന്നു.
മുറുക്കാൻ ഭാഷണം, ചെല്ലപ്പെട്ടിയെടുക്കുമ്പോഴും അച്ഛമ്മ പറയുന്നതു കേട്ടു: “അതോണ്ട് പറയണതാട്ടാ. ഭാഗ്യം ണ്ടെങ്ങെ മ്ക്ക് അടുത്ത കൊല്ലം അസ്സലായൊന്ന് തുയിലുണർത്തിപ്പാടാം. ഞാനുണ്ടാവ്വ്വോന്ന് അറിയില്ല...”
“ങ് ക്കുക്കൂം...ങ് ക്കുക്കൂം...” മുത്തശ്ശിയമ്മായി കണ്ണുകാണില്ലെങ്കിലും, തെക്കേ ഉമ്മറത്തു നിന്ന് അനിഷ്ടം തൊണ്ടയനക്കി പ്രകടിപ്പിച്ചു.
“അത് സാരല്യ. ഇനിയ്ക്ക് ഇഞ്ഞീം വരാം ലോ.”
അവളുടെ അമ്മയതു പറയുമ്പോൾ അവളെന്റെ കണ്ണിൽ നോക്കിയില്ലേ!
“അതിനെന്താ. അല്ലാ, നണക്ക് വേണങ്ങെ അര്യോ വിത്തോ എന്താണേങ്ങെ കൊണ്ടക്കോ ട്ടാ.” ഇവിടെ നീക്കിയിരിപ്പുള്ളതുപോലെയാണ് അച്ഛമ്മ പറഞ്ഞത്. അഭിമാനം വിൽക്കാൻ പാടില്ലല്ലോ. അതും നാടു മുഴുക്കനെ തുയിലുണർത്തുന്ന പാട്ടിപ്പെണ്ണിന്റെ മുന്നിൽ!
അകത്തെ പുകച്ചിൽ പുറത്തു കാണിയ്ക്കാതെ, അവളെ മാത്രം കണ്ടുകൊണ്ടു ഞാൻ പുഞ്ചിരിച്ചു.
“ഏയ്! അതൊന്നും വേണ്ട. പാടുമ്പോ മാത്രം മതി.”
അവളുടെ അമ്മയല്ല, അവളാണതു പറഞ്ഞതെന്നെനിയ്ക്കു തോന്നി. മണ്ണെണ്ണവിളക്കിന്റെ വെട്ടം വിട്ടുപോകുമ്പോഴും അവൾ തിരിഞ്ഞൊന്നു കൂടി നോക്കി. തട്ടിൻപുറത്തുപോയി അവളെ ഒന്നുകൂടി നോക്കണമെന്നുണ്ടായിരുന്നു. ഈ രാത്രിയ്ക്കെങ്ങനെ കാണും?!
പൂരാടത്തിൻ നാൾ മുടിയിറക്കാൻ വാത്തിച്ചി വന്നപ്പോൾ കണ്ണുകാണാത്ത മുത്തശ്ശിയമ്മായി ലോഹ്യത്തോടെ പറഞ്ഞു, “നിയ്യ് പോയിട്ട് ഓണം കഴിഞ്ഞിട്ട് വായോ. ഓണത്തിന്റെ മുൻപെ ഇപ്പൊന്നും വേണ്ട!”
പോകുന്ന പോക്കിൽ വാത്തിച്ചി ചൊടിച്ചു, “നെങ്ങൾക്കെന്നാ പെറ്റ പെലേം ചത്ത പെലേം ല്ലാത്ത കാലം ണ്ടായ് ട്ട് ള്ളത്!”
ഉത്രാടത്തിൻ നാൾ ആരുമറിയാതെ, സന്ധ്യയ്ക്കു മുൻപെ ഇത്തിരി പൂവിറുത്തു. ചേട്ടനും ചേച്ചിയുമറിഞ്ഞാൽ അതു മതി പൂരം! അവരത് കൊണ്ടുപോയി കൊടുക്കും. കൊമ്പും കുഴലും കുറുവിളിയും. പിന്നെപ്പറയണോ! വാലായ്‌മയുള്ളതല്ലേ! കുഞ്ഞിപ്പെങ്ങമ്മാർ രണ്ടുപേർ മാത്രമറിയും. അന്നുമിന്നുമെന്നും കുഞ്ഞോപ്പയ്ക്ക് അവരുണ്ട് കൂട്ട്.
കൈകാലുകൾ കഴുകി, ചാത്തനും ഭഗവതിയ്ക്കും പറക്കുട്ടിയ്ക്കും വിളക്കു വെച്ചു.
“രാമന്നാരായണാ രാമന്നാരായണ - രാമന്നാരായണ രാമന്നാരായണാ...” നാമം ജപിച്ചെന്നു വരുത്തി.
വിളക്കെടുത്തു പടിഞ്ഞാറ്റിനിയിലെ ഇരുട്ടിൽ കുടിയിരുത്തിയ കാരണവന്മാർക്കു മുന്നിൽ വെച്ചു.
അതിനു മുന്നിൽ ഞങ്ങൾ, ആരുമറിയാതെ പൂക്കളമിട്ടു പ്രാർത്ഥിച്ചു:
അടുത്ത കൊല്ലമെങ്കിലും ഈ പെലേം വാലായ്‌മേം ഇല്ലാതിരുന്നാൽ...

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:


___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________