Thursday, 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 04




ഓട്ടോഗ്രാഫ് (കവിത)
രചന: സുമോദ് പരുമല
ഈമെയിൽ ഐഡി: sumodparumala@gmail.com


നീ...
ഒരു വസന്തകാലം ചിരിച്ചുനിൽക്കുന്ന ഒരോട്ടോഗ്രാഫിലെ
കണ്ടു തഴുകിപ്പിഞ്ഞിപ്പോയ
ഒരു താള്
കാലഗതിയുടെ മഞ്ഞപ്പു
പടർന്ന്
കടുത്ത നഷ്ടബോധത്തിന്റെ
കദനതീവ്രതയിൽ
പലപ്പോഴും
മഷി പടർന്ന് അരികുകൾ
വികൃതമാക്കപ്പെട്ട
വടിവൊത്ത അക്ഷരക്കൂട്ടുകൾ ആഹ്ലാദിപ്പിയ്ക്കുകയും
നോവിയ്ക്കുകയും ചെയ്ത
ഒരിളം നീലത്താള്

തമ്മിൽത്തിരഞ്ഞ കണ്ണുകളുടെ മദിപ്പിയ്ക്കുന്ന
ലഹരിയിൽ ദിവസങ്ങൾ
നിമിഷപ്പക്ഷികളായ്പ്പറന്നു
കളിച്ച മധുരകാലത്തിന്റെ
ഒരിക്കലുമസ്തമിയ്ക്കാത്ത
ഓർമ്മനക്ഷത്രം

പതിറ്റാണ്ടുകൾക്കപ്പുറത്തൊരു
യുവജനോത്സവരാത്രിയിൽ
അടർന്നുവീണുരുണ്ടൊരു ചിലങ്കയുടെ മണിയുതിർത്ത
വിദൂരസ്മൃതിയിലെ
നേർത്ത കിലുക്കം

അമിതസല്ലാപങ്ങളുടെ
പൈങ്കിളികൾ ചേക്കേറാത്ത
മൃദുമോഹങ്ങളുടെ കൂട്

പാടിത്തീരാത്ത പ്രണയഗാനങ്ങളിലെ
ശ്രുതിമധുരമെങ്കിലും
മോഹഭംഗങ്ങൾ ചിട്ടപ്പെടുത്തി
വിഷാദരംഗങ്ങൾ പേറുന്ന
ഒരു ശോകഗാനം

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:


___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________